കത്തോലിക്കാ സഭ
ദർശനം
ഓഗസ്റ്റ് - 2021
കൃപയും ശാപവും
സ്നേഹം നിറഞ്ഞ കുട്ടികളെ കത്തോലിക്കാ സഭയുടെ ഈ
ലക്കത്തിൽ നമ്മൾ പഠിക്കുന്നത് കൃപയും ശാപവും ക്രൈസ്തവ ജീവിതത്തിൽ വഹിക്കുന്ന പ്രാധാന്യത്തെ
കുറിച്ചാണ്. ഒരു വ്യക്തി പാപം ചെയ്യുമ്പോൾ അതിന്റെ അനന്തര ഫലങ്ങൾ അവൻ അനുഭവിക്കുമെന്നും
എന്നാൽ അത് അനുതാപത്തോടെ ഉള്ള കുമ്പസാരവും ഒരുക്കത്തോടെയുള്ള വിശുദ്ധ കുർബാന സ്വീകരണവും
വഴി നമ്മിൽ നിന്ന് അകറ്റി കളയാനാകുമെന്നും സഭ നമ്മെ ഓർമിപ്പിക്കുന്നു.
എല്ലാ ശാപങ്ങളും പാപങ്ങളും ക്രിസ്തുവിന്റെ മരണത്തോടെ
എന്നന്നേക്കുമായി നശിപ്പിച്ചെങ്കിലും അത് നമ്മുടെ ശരീരത്തിൽ ഭരണം നടത്താതിരിക്കാൻ ശരീരത്തെ
അനീതിയുടെ ഉപകരണമാകാതെ നീതിയുടെ ഉപകരണമാക്കണം, കാരണം അനീതിയുടെ പ്രവർത്തികൾക്ക് പാപത്തിന്റെ
ഫലമായ മരണത്തിനും അത് വഴിയുള്ള നാശങ്ങൾക്കും നമ്മുടെ മേൽ ആധിപത്യത്തിന് വഴിയൊരുക്കാൻ
കഴിവുണ്ട് ഉദാ : ദൈവത്തോടും (വിഗ്രഹാരാധന )സഹോദരനോടും (വഞ്ചന, കളവ് ), സ്വയമായും (ദാമ്പത്യ
അവിശ്വസ്തത, അശുദ്ധ പാപങ്ങൾ ) ഞാൻ കാണിക്കുന്ന അനീതി, പാപം എന്റെ മേൽ നടത്തുന്ന അധിപത്യങ്ങൾക് കാരണമാകും. ശാപം
എന്നാൽ പാപം നമ്മെ അടിമയാക്കുന്ന അവസ്ഥ അല്ലെങ്കിൽ
ദൈവ പുത്രർക്ക് ഒത്തവിധമുള്ള ആത്മാവിന്റെ സ്വാതന്ത്ര്യം നഷ്ടപെടുന്ന അവസ്ഥ ആണ്.
രണ്ടു വിധത്തിലുള്ള നീതികളുണ്ട് ; അർഹിക്കുന്നവന് അർഹിക്കുന്നത് നൽകുന്ന
സ്വാഭാവിക നീതി, അർഹിക്കാത്തവന് അർഹിക്കുന്നതിലധികം നൽകുന്ന ക്രിസ്തു പഠിപ്പിച്ച നീതി.
നമ്മൾ ചെയ്യുന്ന രഹസ്യവും പരസ്യവും ആയ ഏത് പാപമായാലും അത് ദൈവം തന്ന ഛaയയോടും സാദൃശ്യത്തോടും
ഞാൻ കാണിക്കുന്ന അനീതിയാണ്. ദൈവത്തോട് മറ്റൊരു തരത്തിൽ എന്നോട് തന്നെ ചെയ്യുന്ന അനീതിയാണ്.
ഓരോ പാപവും നീതി നിഷേധമാണ്, അത് വീട്ടേണ്ട
കടമാണ്, സകല കടങ്ങളും മരണത്തിനു മുൻപ് വീട്ടണം. ദൈവത്തിനു മുമ്പിൽ ക്രിസ്തു ഒരു പ്രാവശ്യം
എല്ലാവർക്കും വേണ്ടി ഈ കടങ്ങളൊക്കെ വീട്ടിയതാണ്.
ദൈവവചനം പറയുന്നത് പോലെ നമ്മളും ക്രിസ്തുവിനെ പോലെ സഹനങ്ങളും പരിത്യാഗങ്ങളും
ഏറ്റെടുത്തു എന്നെ കൊണ്ടാവും വിധം ക്രിസ്തുവിന്റെ സഹനത്തോട് എന്റെ ഭാഗത്തു നിന്ന് ഞാൻ
ചേർത്ത് വക്കണം. ശാപമെന്നാൽ സ്വയം അനീതിയിലൂടെ വരുത്തിവെക്കുന്ന നാശം ആണ് അതിനാൽ പൂർവികരുടെ
പാപം മൂലമുള്ള ശാപം ഞാൻ ചുമക്കേണ്ടി വരുമോ എന്നതിനേക്കാൾ അവരുടെ അനീതിയുടെ വീട്ടാത്ത
കടം ഞാൻ വീട്ടേണ്ടി വരുമോ എന്നു ചിന്തിക്കുന്നതാണ് ഉചിതം.
ഒരു പ്രവർത്തി പാപമാകണമെങ്കിൽ ഞാൻ അതിനു മതിയായ അറിവോടും സ്വാതത്ര്യത്തോടും
ചെയ്യാൻ തീരുമാനിച്ചു പ്രവർത്തിക്കുമ്പോളാണ്. അതായത് അവരവരുടെ പാപപ്രവർത്തികൾക്കു അവരവർ
തന്നെ ആണ് ഉത്തരവാദികൾ. പൂർവികരുടെ പാപത്തിന് ഞാൻ ഒരിക്കലും ഉത്തരവാദിയല്ല. എന്നാൽ
ഒരു വ്യക്തിയുടെ പാപം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ദുരന്തങ്ങൾ ചിലപ്പോൾ മറ്റു വ്യക്തികൾക്കു
ചെറുതും വലുതുമായി അനുഭവിക്കേണ്ടി വരുന്നു
അതാണ് നീണ്ടു നിൽക്കുന്ന പാപത്തിന്റെ ഫലമായ നാശം. ഉദാഹരണമായി അന്യായമായി ഞാൻ
ഒരുകുടുംബത്തിന്റെ സ്വത്തു തട്ടിയെടുത്തു ആ കുടുംബത്തിലെ ഒന്നോ രണ്ടോ തലമുറയെ ദാരിദ്ര്യത്തിലേക്ക്
എനിക്ക് തള്ളി വിടാം അത് ആ കുടുംബത്തിന്റെ പൂർവികമായി കിട്ടുന്ന ശാപമല്ല മറിച് ഞാൻ
എന്ന മനുഷ്യന്റെ ദുഷ്ടതയുടെ ഫലമാണ്.
നമ്മൾ അന്യായമായി സമ്പാദിച്ച പണം എനിക്ക് നാശത്തിനു കാരണമാകാം എന്ന ദൈവീക
വെളിപ്പെടുത്തൽ ഞാൻ തിരിച്ചറിയണം. ഞാൻ അനീതി
പ്രവർത്തിച്ചു അതിൽ തുടർന്നാൽ ദൈവത്തിന്റെ നീതിയും കരുണയും എനിക്ക് നഷ്ടമാകും. ഒരുവൻ ജീവിതത്തിൽ അന്യായം പ്രവർത്തിക്കുമ്പോൾ യഥാർത്ഥത്തിൽ
അവനു ദൈവ കരുണയും ദൈവ സംരക്ഷണവും സ്വയം വേണ്ടാന്നു വക്കുന്നത് പോലെയാണ്. നമ്മൾ തെറ്റു ചെയ്യാൻ കാത്തിരിക്കുന്നവനാണ് പിശാച്, അത് നമ്മെ ആക്രമിക്കാൻ പതുങ്ങിയിരിപ്പാണ്. ദൈവ സംരക്ഷണം നഷ്ടപ്പെടുത്തിയ ഒരു മനുഷ്യന്റെ അവസ്ഥയെ
നോക്കി അവനു ശാപമാണ് എന്നു അപ്പോൾ പറയുന്നതിൽ തെറ്റില്ല കാരണം ദൈവ വചനം നമ്മെ ഓർമ്മപെടുത്തുന്നുണ്ട്
'ഉചിതമായി പ്രവർത്തിച്ചാൽ നീയും സ്വീകാര്യനാവുകയിലെ? നല്ലത് ചെയ്യുന്നില്ലെങ്കിൽ പാപം വാതിൽക്കൽ തന്നെ
പതിയിരിപ്പുണ്ട് എന്നു ഓർക്കണം. അത് നിന്നിൽ താല്പര്യം വച്ചിരിക്കുന്നു നീ അതിനെ കീഴടക്കണം'
(ഉല്പത്തി: 4:7)കാരണം " അവസരം നോക്കി മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ്
കള്ളൻ (പിശാച് ) വരുന്നത് (യോഹന്നാൻ 10:10)".
ആയതിനാൽ കൃപയും ശാപവുമെല്ലാം നമ്മൾ ചെയ്യുന്ന പ്രവർത്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ലത് ചിന്തിച്ചു നന്മ പ്രവർത്തിച്ചു ക്രിസ്തുവിനോട് ചേർന്നു ജീവിക്കുക.
THANK U🙏
Prepared by Anitta Teacher