St. Rita's church,chittilappilly |
1935-ലാണ് കുണ്ടുകുളങ്ങര പൗലോസ് ഔസേപ്പും ഭാര്യ കുഞ്ഞന്നവും ഒരു കപ്പേള
നിര്‍മ്മിക്കുന്നതിന് ചിറ്റിലപ്പിള്ളി വില്ലേജില്‍ 22 സെന്റ് സ്ഥലം തൃശൂര്‍
രൂപതാധ്യക്ഷന്റെ പേരില്‍ തീറാക്കികൊടുത്തത്. അന്നത്തെ തൃശൂര്‍
രൂപതാധ്യക്ഷനായിരുന്ന മാര്‍ ഫ്രാന്‍സിസ് വാഴപ്പിള്ളിയുടെ നിര്‍ദ്ദേശപ്രകാരം
വിശുദ്ധ റീത്തയുടെ രൂപം പ്രതിഷ്ഠിക്കുകയും കപ്പേളയ്ക്ക് ‘എന്റെ സങ്കേതം’
എന്ന പേര്‍ നല്‍കുകയും ചെയ്തു.വിശുദ്ധ റീത്തായുടെ നാമത്തിലുള്ള തൃശൂര്‍
രൂപതയിലെ ഏക ദൈവാലയമാണ് ചിറ്റിലപ്പിള്ളിയിലേത്. 1950-ല്‍ പ്രഥമ
ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് ആ വര്‍ഷംതന്നെ എല്ലാ ഞായറാഴ്ചകളിലും
ഇവിടെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ തുടങ്ങി. കപ്പേളയില്‍
വര്‍ഷംതോറും വിശുദ്ധ റീത്തായുടെ തിരുനാല്‍ ആഘോഷിക്കാനും തുടങ്ങി. 1974-ല്‍
സെമിത്തേരിയുടെ ആശീര്‍വാദകര്‍മ്മം നടത്തി. ഫാ. ആന്റണി ഇരിമ്പനായിരുന്നു
അന്നത്തെ വികാരി. കാലപ്പഴക്കത്താല്‍ ‘എന്റെ സങ്കേതം’ പൊളിച്ചുമാറ്റി കപ്പേള
നിര്‍മ്മിച്ചു. 1985-ല്‍ പറപ്പൂര്‍ ഇടവകയുടെ നടത്തുപള്ളിയായിരുന്ന ഈ
കപ്പേള സ്വതന്ത്ര ഇടവകയാക്കി. ഫാ. മാത്യു പേരാമംഗലമായിരുന്നു
ചിറ്റിലപ്പിള്ളി ഇടവകയുടെ പ്രഥമ വികാരി. തുടര്‍ന്ന് ഫാ. ആന്റണി ചിറയത്ത്
വികാരിയായെത്തി. സെമിത്തേരിയില്‍ കപ്പേള നിര്‍മ്മിച്ചതും സെമിത്തേരി
പരിഷ്‌ക്കരിച്ചതും അച്ചന്റെ കാലത്താണ്. ഇതിന്റെ ആശിര്‍വാദകര്‍മ്മം മാര്‍
ജേക്കബ് തൂങ്കുഴിയാണ് നിര്‍വ്വഹിച്ചത്. അതേസമയത്തുതന്നെ പുതിയ
ദൈവാലയത്തിന്റെ ശിലാസ്ഥാപനവും നടത്തി. വ്യത്യസ്തമായ ശൈലിയില്‍ മനോഹരമായ
ദൈവാലയം കുറഞ്ഞ കാലംകൊണ്ടുതന്നെ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പള്ളി
കാര്യാലയവും വൈദിക ഭവനവും മതബോധനഹാളും പണി കഴിപ്പിച്ചു. ആധുനിക രീതിയില്‍
ഭൂഗോളത്തിന്റെ മാതൃകയിലാണ് പള്ളിപ്പടി കപ്പേള പണിതീര്‍ത്തിരിക്കുന്നത്.
ആന്റണി ചിറയത്തച്ചനുശേഷം ഫാ. ജേക്കബ്ബ് തച്ചറാട്ടില്‍, ഫാ. വര്‍ഗ്ഗീസ്
കാഞ്ഞിരത്തിങ്കല്‍, ഫാ. പോള്‍
തേക്കാനത്ത് എന്നിവര്‍ വന്നു. ഇപ്പോഴത്തെ വികാരി ഫാ.റാഫേൽ മുത്തുപീടികയാണ് . വിവിധ സഹോദരങ്ങള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളും
ഉപകാരസ്മരണയും പ്രത്യേകം തിരഞ്ഞെടുത്ത് ഓരോ മാസവും നടത്തുന്ന റീത്താ
പുണ്യവതിയുടെ തിരുനാളിലെ പ്രത്യേക ദിവ്യകാരുണ്യ ആരാധനയില്‍ നിയോഗംവച്ച്
മാധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നു.
CONTACT Phone: 0487-2305742
0 comments:
Post a Comment
Please do not enter any spam link in the comment box
Note: Only a member of this blog may post a comment.